Tuesday 18 July 2017

കിലോയ്ക്ക് പന്ത്രണ്ട്

പതിവുപോലെയുള്ള അമ്മയുടെ അടക്കിപെറുക്കലുകൾ കണ്ടുകൊണ്ടാണ് 
അന്ന് രാവിലെ അവൾ കോളേജിലേക്ക് യാത്രയായത്.

അവൾക്കുറപ്പായിരുന്നു,
മടങ്ങി വരുമ്പോൾ അവളുടേതെന്നു
കരുതി താഴിട്ടുപൂട്ടിയ പല പെട്ടികളും തുറക്കപ്പെട്ടിട്ടുണ്ടാകും. അവളുടേത്‌
മാത്രമെന്നു പറഞ്ഞു മാറ്റിവെച്ച പലതും ചീന്തിയെറിഞ്ഞിട്ടുണ്ടാവും. അതുമല്ലെങ്കിൽ വീടിന്റെ ഒരറ്റത്തു കൂട്ടിയിട്ട് കത്തിച്ച ചപ്പുചവറുകളുടെ രൂപത്തിൽ... !
തിരികെ വരുന്ന അവൾക്കു വേണ്ടി
ആ തീക്കൂന എരിഞ്ഞു കൊണ്ടിരുന്നു,
ഒരു പിടി ചാരമാകുന്നത് വരെ.....

വൈകുന്നേരമായി
അവൾ തിരികെ വന്നു.
അമ്മ നൽകിയ ചൂട് ചായഗ്ലാസ് കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു
"എന്തായി അമ്മയുടെ അടുക്കലും പെറുക്കലും"?
.
.
അതൊക്കെ എപ്പോഴേ കഴിഞ്ഞു !!!
ആഹാ... ! ഞാനൊന്നു നോക്കട്ടെ.

മുറിയിലേക്ക് കടന്നു ചെന്ന അവൾ ചുറ്റുമൊന്നു കണ്ണോടിച്ചു. അങ്ങിങ്ങായി എന്തോ ഒരു ശൂന്യത നിഴലിക്കുന്നത് പോലെ തോന്നി.
തെല്ലൊരു പരിഭവത്തോടെ അവൾ ഉറക്കെ വിളിച്ചു കൂകി....
അമ്മേ...
ഇവിടെയിരുന്ന കടലാസുക്കെട്ടുകൾ എന്ത്യേ ?
വിളികേട്ട അമ്മയുടെ വകയായി വന്നു ഒരുഗ്രൻ മറുപടി.
"കടലാസുക്കെട്ടുകളോ...... അത് പഴയതല്ലേ ? അത് ആ ആക്രിക്കാരൻ വന്നപ്പോ അയാൾക്കെടുത്ത് കൊടുത്തു. വെറുതെയെന്തിനാ സ്ഥലം മെനക്കേടാക്കുന്നത് എന്ന് വിചാരിച്ചു".

ഒരു നെടുവീർപ്പിനപ്പുറം അവൾ വീണ്ടും ചോദിച്ചു എന്നിട്ട് അയാള് എത്ര രൂപ തന്നു എല്ലാത്തിനും കൂടെ ?
.
.
കിലോയ്‌ക്ക് "പന്ത്രണ്ടു രൂപാ ".

പിന്നീടങ്ങോട്ട് ചോദ്യങ്ങൾക്കോ ഉത്തരങ്ങൾക്കോ അവിടെ വല്ല്യ പ്രസക്തിയുണ്ടായിരുന്നില്ല...

ഇന്നോളം എഴുതി കൂട്ടിയ വട്ടുകൾക്കു ഒരു ആക്രിക്കാരൻ ഇട്ട വില കിലോയ്ക്ക് പന്ത്രണ്ട്... !!!
കടലാസുക്കെട്ടുകൾ കൈമാറിയ അമ്മയൊ അതെല്ലാം തൂക്കി കെട്ടിയ ആക്രിക്കാരനോ അറിഞ്ഞില്ല ആരും കാണാതെ ഒളിപ്പിച്ചു വെച്ച അവളുടെ കഴിവുകളെ... !!!

നിലാവ്

അകലങ്ങളിൽ നിന്നും പെയ്യുന്ന നിലാവിനാൽ ആഴമുള്ള ഓർമകൾക്ക് മീതെ വെളിച്ചം വീശുന്നു...!

Saturday 8 July 2017

ആകാശം

ദൂരെ ദൂരെ ആരും കാണാത്തൊരു തുഞ്ചാനത്ത് കുഞ്ഞു കൂടുകൂട്ടണം... പകലന്തിയോളം നിന്നെ നോക്കിയിരുന്നിട്ട് പറയണം കണ്ടാലും കണ്ടാലും മതി വരാത്തൊരു നിറമാണ് നീ...!

വേരുകൾ

ഭൂമിക്കടിയിൽ കെട്ടിപ്പുണർന്ന് പ്രണയം പങ്കുവയ്ക്കാൻ വിധിക്കപ്പെട്ടവർ

രാത്രിമഴ

രാത്രിമഴയുടെ ഏങ്ങലുകളിൽ മുഴങ്ങികേട്ട ശബ്ദം എന്റെത് മാത്രമായിരുന്നു......

ഉറക്കത്തിലേക്കു വഴുതിവീഴും  വരെ ഉണർന്നിരുന്നത് മനസ് മാത്രമല്ല എന്റെ കണ്ണുകളും കൂടിയായിരുന്നു......

ഉറക്കമുണരുന്ന ഓരോ വേളകളിലും വീണ്ടും വീണ്ടും ആരോ എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു  എന്തിനു വേണ്ടിയായിരുന്നു നിന്റെ  കണ്ണിലെ കണ്മഷിയെ പടരുവാൻ അനുവദിച്ചത്..... !

ഞാൻ

മരച്ചില്ലകൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരിക്കാൻ മടിക്കുന്ന വാക്കിന്റെ പറവയാണ് ഞാൻ

Friday 7 July 2017

മഴയോർമ്മകൾ

"മഴ"... കണ്ടാലും കണ്ടാലും മതിവരാത്തതും വാക്കുകളുടെ വർണനയാൽ ഭംഗിയേറുന്നതുമായ പ്രകൃതിയുടെ പ്രതിഭാസങ്ങളിൽ ഒന്ന്... മഴയോർമ്മകൾ... മഴയുമ്മകൾ.... മഴക്കാറ്റ്.... മഴപെണ്ണ്... അങ്ങനെ പോകുന്നു അലങ്കാരങ്ങളുടെ നിര... ശരിയാണ് മഴയ്‌ക്കൊരു സൗന്ദര്യമുണ്ട്. ഏതൊരു ഹൃദയത്തെയും കീഴടക്കാൻ കഴിയുന്ന വശ്യതയോടെ ഓരോ മഴക്കാലവും മനസ്സിൽ പെയ്തിറങ്ങുന്നു... പക്ഷെ മഴയ്ക്ക് ചുംബനത്തിന്റെ മധുരം മാത്രമല്ല,  കണ്ണുനീരിന്റെ കയ്പ്പും കൂടിയുണ്ട് താനും... മഴയ്ക്കുമുണ്ട് ചില മുഖങ്ങൾ, നേർകാഴ്ചയുടെ മങ്ങിയ മുഖങ്ങൾ...
നമ്മൾ ഓരോ മഴത്തുള്ളിയും സ്നേഹത്തോടെ കൈക്കുമ്പിളിൽ ഏറ്റു വാങ്ങുന്നു... എന്നാൽ ചിലർക്ക് ഉറപ്പില്ലാത്ത മേല്കൂരയിലൂടെ ഇറ്റുവീഴുന്ന  ഇടനെഞ്ചിലെ വേദനയാണ് ഓരോ മഴത്തുള്ളികളും....

ചെറിയ ചെറിയ വട്ടുകൾ ഇല്ലാത്തവരായി ആരും തന്നെയില്ല. ചിലർ അത് സ്വയം തിരിച്ചറിഞാലും അതിനുള്ള പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാറില്ല. ചിലരാണേൽ എത...