പതിവുപോലെയുള്ള അമ്മയുടെ അടക്കിപെറുക്കലുകൾ കണ്ടുകൊണ്ടാണ്
അന്ന് രാവിലെ അവൾ കോളേജിലേക്ക് യാത്രയായത്.
അവൾക്കുറപ്പായിരുന്നു,
മടങ്ങി വരുമ്പോൾ അവളുടേതെന്നു
കരുതി താഴിട്ടുപൂട്ടിയ പല പെട്ടികളും തുറക്കപ്പെട്ടിട്ടുണ്ടാകും. അവളുടേത്
മാത്രമെന്നു പറഞ്ഞു മാറ്റിവെച്ച പലതും ചീന്തിയെറിഞ്ഞിട്ടുണ്ടാവും. അതുമല്ലെങ്കിൽ വീടിന്റെ ഒരറ്റത്തു കൂട്ടിയിട്ട് കത്തിച്ച ചപ്പുചവറുകളുടെ രൂപത്തിൽ... !
തിരികെ വരുന്ന അവൾക്കു വേണ്ടി
ആ തീക്കൂന എരിഞ്ഞു കൊണ്ടിരുന്നു,
ഒരു പിടി ചാരമാകുന്നത് വരെ.....
വൈകുന്നേരമായി
അവൾ തിരികെ വന്നു.
അമ്മ നൽകിയ ചൂട് ചായഗ്ലാസ് കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു
"എന്തായി അമ്മയുടെ അടുക്കലും പെറുക്കലും"?
.
.
അതൊക്കെ എപ്പോഴേ കഴിഞ്ഞു !!!
ആഹാ... ! ഞാനൊന്നു നോക്കട്ടെ.
മുറിയിലേക്ക് കടന്നു ചെന്ന അവൾ ചുറ്റുമൊന്നു കണ്ണോടിച്ചു. അങ്ങിങ്ങായി എന്തോ ഒരു ശൂന്യത നിഴലിക്കുന്നത് പോലെ തോന്നി.
തെല്ലൊരു പരിഭവത്തോടെ അവൾ ഉറക്കെ വിളിച്ചു കൂകി....
അമ്മേ...
ഇവിടെയിരുന്ന കടലാസുക്കെട്ടുകൾ എന്ത്യേ ?
വിളികേട്ട അമ്മയുടെ വകയായി വന്നു ഒരുഗ്രൻ മറുപടി.
"കടലാസുക്കെട്ടുകളോ...... അത് പഴയതല്ലേ ? അത് ആ ആക്രിക്കാരൻ വന്നപ്പോ അയാൾക്കെടുത്ത് കൊടുത്തു. വെറുതെയെന്തിനാ സ്ഥലം മെനക്കേടാക്കുന്നത് എന്ന് വിചാരിച്ചു".
ഒരു നെടുവീർപ്പിനപ്പുറം അവൾ വീണ്ടും ചോദിച്ചു എന്നിട്ട് അയാള് എത്ര രൂപ തന്നു എല്ലാത്തിനും കൂടെ ?
.
.
കിലോയ്‌ക്ക് "പന്ത്രണ്ടു രൂപാ ".
പിന്നീടങ്ങോട്ട് ചോദ്യങ്ങൾക്കോ ഉത്തരങ്ങൾക്കോ അവിടെ വല്ല്യ പ്രസക്തിയുണ്ടായിരുന്നില്ല...
ഇന്നോളം എഴുതി കൂട്ടിയ വട്ടുകൾക്കു ഒരു ആക്രിക്കാരൻ ഇട്ട വില കിലോയ്ക്ക് പന്ത്രണ്ട്... !!!
കടലാസുക്കെട്ടുകൾ കൈമാറിയ അമ്മയൊ അതെല്ലാം തൂക്കി കെട്ടിയ ആക്രിക്കാരനോ അറിഞ്ഞില്ല ആരും കാണാതെ ഒളിപ്പിച്ചു വെച്ച അവളുടെ കഴിവുകളെ... !!!
അയ്യോ........
ReplyDeleteNice lines
ReplyDelete